കാഴ്ച


മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ  അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ  സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ അതോർത്ത് കരഞ്ഞിട്ടില്ല…ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല…മെട്രോ സ്റ്റേഷനിൽ മെട്രോ കാത്തിരുന്നതല്ല ഞാൻ. ആൾക്കൂട്ടങ്ങൾക്കിടയിൽ ആയിരിക്കാൻ വേണ്ടി മാത്രം  ഇരുന്നതാണ് . വൈകുന്നേരമായതുകൊണ്ട് തന്നെ ആളുകൾ വ്യത്യസ്തരായിരുന്നു . ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്താൻ പായുന്നവർ , തിരക്കിലും ഒരു തിരക്കുമില്ലാതെ ലോകം മുഴുവൻ മറന്ന് സ്വന്തം തലയിലെ ശബ്ദത്തിനുമാത്രം ചെവികൊടുത്ത് നടക്കുന്നവർ , പാട്ടുകേട്ട് എവിടെയോ ഓടിപ്പോയ ആത്മാവിനെ തിരികെ വിളിക്കുന്നവർ , തിരക്കിലും തന്റെ പ്രിയപെട്ടയാളെ ഒന്നു കാണാൻ ഓടിയെത്തുന്നവർ അങ്ങനെ ആരൊക്കെയോ... അവരിൽ നിന്ന് കണ്ണെടുത്താൽ ചിന്തകൾ വിഴുങ്ങുമെന്ന പേടിയിൽ അവരെത്തന്നെ നോക്കിയിരുന്നു . വന്നും പോയിക്കൊണ്ടുമിരുന്ന ആളുകൾ പലരും എന്നെ ശ്രദ്ധിച്ചില്ലെങ്കിലും അവരെയെല്ലാം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു . അവർക്കെല്ലാം അവരുപോലും അറിയാത്ത ഒരു കഥയും മെനഞ്ഞുകൊണ്ടിരുന്നു. സത്യത്തിൽ ആളുകളെ കുറിച്ച് കഥയുണ്ടാക്കുന്നത് അത്ര ബോറൻപരിപാടി അല്ല . അതുകൊണ്ടാവാം പലകഥകളിലും സത്യത്തേക്കാൾ കൂടുതൽ നമ്മളുടെ സങ്കല്പങ്ങളുടെ അളവ് കൂടുന്നത് . എത്രതവണ വന്നിരിക്കുന്നു ഞാൻ ഇതുപോലെ വെറുതെ മനുഷ്യരെ കാണാൻ . അവർക്കാർക്കെങ്കിലും അറിയുമോ അവര് പോലും അറിയാതെ അവർക്കുവേണ്ടി ഒരാൾ ഇവിടെ വന്നുപോയിരുന്നുവെന്ന് . ആർക്കും അറിയില്ല , അറിയിക്കണമെന്നും തോന്നിയില്ല.. അടുക്കുംതോറും, ആളുകളെ അറിയുംതോറും അവരിൽ നിന്നകലാനുള്ള ഒരു tendancy എനിക്കുണ്ട്… ആകാശത്ത് സൂര്യൻ ചുവന്ന് തുടുത്തു. തിരികെ പോവാൻ എഴുന്നേറ്റ ഞാൻ ഒരിക്കൽ കൂടി ചുറ്റും നോക്കി ഏതെങ്കിലും മൂലയിൽ ഇരുന്ന് ആ പെൺകുട്ടി കരയുന്നുണ്ടോ എന്ന്. അവളുപോലുമറിയാതെ അവൾക്ക് വേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ Burger kingil ഇരുന്ന് വളരെ വേഗത്തിൽ burger കഴിക്കുന്ന അവളെ കണ്ട എനിക്ക് ചെറിയ ശ്വാസതടസം തോന്നി stress eating .  ഇനിയും അവിടെ നിന്നാൽ ആളുകൾ എന്നെ ശ്രദ്ധിയ്ക്കും എന്നുള്ളതിനാൽ കഴിവതും വേഗം അവിടുന്ന് പോന്നു .  എങ്കിലും ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് പോയില്ല. ആ കുട്ടിയുടെ എനിക്കറിയാത്ത വിഷമം എന്റേത് കൂടിയായി… ആളുകളുടെ വേദനകളെല്ലാം എന്റേതുകൂടിയാക്കുന്ന എന്റെ സ്വാർത്ഥത ഇനിയും മാറിയിട്ടില്ല.. വേദനകൾക്കൊപ്പം വരുന്ന അമിത ചിന്തകളെപ്പോഴും എനിക്ക് കൊണ്ടുവരുന്നത് ശ്വാസതടസമാണ്. ഓരോ തവണ ശ്വാസം വലിച്ചെടുക്കുമ്പോഴും  ഓരോ മുഖങ്ങളാണ് എന്റെ മനസിലേയ്ക്ക് വന്നത്. ബാഗിലെ സകല സാധങ്ങളും വലിച്ചിട്ട് എന്റെ ഗുളിക ഞാൻ കണ്ടുപിടിച്ചു. അവസാനത്തെ ടാബ്ലറ്റ്. കൂടുതൽ ചിന്തിക്കാൻ അവസരം കൊടുക്കാതെ മരുന്ന് കഴിച്ചു. തിരിച്ചു റിക്ഷയിൽ ഇരിക്കുമ്പോഴെല്ലാം പലരും ഓർമ്മയിലേക്ക് വന്നു. പ്രത്യേകിച്ച് മിണ്ടി മിണ്ടി മിണ്ടാട്ടമില്ലാതായവർ…സ്നേഹത്തിന്റെ പ്രതിഫലം ഇപ്പോഴും വേദനതന്നെയാണ്…അവനവനെ തന്നെ വെറുക്കുന്ന രീതിയിൽ മറ്റൊരാളെ സ്നേഹിക്കാതിരിക്കുക എന്നത് മാത്രമാണ് നമ്മുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും വലിയ  ദയവ് . ചിന്തകളുടെ ഭാരം കൂടി വന്നു തലപൊട്ടിത്തെറിക്കുമെന്നായപ്പോൾ  റിക്ഷ ഭയ്യയുടെ മൊബൈൽ റിങ് ചെയ്തു, ഹരിയാൻവി പാട്ട് എന്നെ ചിന്തകളുടെ ലോകത്ത് നിന്ന് വലിച്ച് പുറത്തേക്കിട്ടു. അബദ്ധത്തിൽ കരയിലേക്ക് വീണ് പിടഞ്ഞ മീനിനെ വെള്ളത്തിലേക്കിട്ട പോലെ തോന്നി. ഫോണിലൂടെ ആരെയോ ചീത്ത വിളിക്കുന്നത് കേട്ടപ്പോൾ ഇതിലും ഭേദം തല പൊട്ടിത്തെറിക്കുന്നതായിരുന്നു എന്ന് തോന്നി. ഖട്ടർ റോട്ടിലൂടെ പ്ലെയിൻ പറക്കുന്ന  പോലെ റിക്ഷ പറന്നു . ഡിസ്ക് എല്ലാം ഇളകി പോകുമോ എന്ന് തോന്നി, അധികം ചിന്തിക്കാൻ അവസരം തരാതെ റിക്ഷ ഒന്ന് കുതിച്ചു തല കമ്പിയിൽ ആഞ്ഞിടിച്ചത് മാത്രമേ ഓർമയുള്ളൂ… ബാക്കിയുണ്ടായിരുന്ന കിളികളും കൂടെ പറന്നുപോയി. റിക്ഷയ്ക്ക് കാശും കൊടുത്ത് യാന്ത്രികമായി വീട്ടിലേക്കുള്ള പടിക്കെട്ടുകൾ കയറി.. വീടിന്റെ വാതിൽ തുറന്ന്, ബാൽക്കണിയോട് ചേർന്നുള്ള വാതിലിനരികിലായുള്ള കസേരയിലേക്ക് അലക്ഷ്യമായിട്ട ബാഗിനുള്ളിൽ നിന്ന് മൊബൈൽ പുറത്തേക്ക് വരും വരെ വേറേതോ ലോകത്തായിരുന്നു ഞാൻ.  പതിവ് വിളികൾ തന്നെ…. സംഭാഷണങ്ങൾക്കൊടുവിൽ മുന്നിലിരിക്കുന്ന കണ്ണാടിൽ എന്നെ തന്നെ കുറച്ച് നേരം നോക്കിയിരുന്നു. കുളിമുറിയിൽ നിന്ന് നഗ്നയായി പുറത്തേക്കിട്ട പോലെയിരുന്നു എന്റെ മുഖം കണ്ണാടിയിൽ…. എനിക്കൊന്നും മറയ്ക്കാനില്ലായിരുന്നു, ആളുകളെ കുറിച്ച് ചിന്തിക്കാനില്ലായിരുന്നു… ഞാനും എന്റെ ഞാനും മാത്രം…  എന്നിട്ടും ഞാനെന്നെ ആശ്വസിപ്പിച്ചില്ല.. കണ്ണീർ തുടച്ചില്ല… സങ്കടചൂടേറ്റ് പുകയുന്ന മുഖമൊന്ന് കഴുകിയില്ല…. മലിനീകരണത്തിൽ മുങ്ങി നിറം മങ്ങിയ ആകാശത്തുകൂടെ കൂട്ടിൽ കയറാൻ തിരക്ക് കൂട്ടുന്ന കിളികളെ നോക്കി നിറഞ്ഞിരുന്ന കണ്ണുകൾ ഇറുക്കിയടച്ചു… മഞ്ഞയും, ചുവപ്പും ഓറഞ്ചും നിറങ്ങൾ വാരിവിതറിയ ആകാശം… ഒരിക്കൽ ഏറ്റവും കൊതിയോടെ ആർത്തിയോടെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്ന സൂര്യാസ്തമയങ്ങൾ…. അമ്പലത്തിൽ നിന്നുറക്കെ കേൾക്കുന്ന ദീപാരാധനയുടെ പാട്ടുകൾ… എന്റെ നാട്, വീട്, ഓർമ്മകൾ, ഞാൻ…അന്ന് കൂട്ടത്തിലെ ഏറ്റവും വലിയമരത്തിലെ പൊത്തിലിരുന്ന് എന്നെ നോക്കിയിരുന്ന പേരറിയാത്ത കിളി ഇന്നും, ഈ ഓർമ്മകളിലും  എന്നെ സൂക്ഷിച്ച് നോക്കി, പരസ്പരം കണ്ടുവെന്ന് തോന്നിയപ്പോൾ മുഖം തിരിച്ച് പൊത്തിനുള്ളിൽ കയറിപ്പോയി… 

2 Comments: