ശൂന്യം

 


നീയില്ലായ്മകൾ ഹൃദയത്തിലെ ഏതോ കോണിലിരുന്ന് മുറിവേൽപ്പിക്കുമ്പോൾ മാത്രം ഞാൻ നിന്നെക്കുറിച്ച് ഓർമ്മിക്കാറുണ്ട്. നിനക്ക് എന്താണ് വേണ്ടത് എന്ന് ഞാനോ, ഞാനെന്താണ് ഇങ്ങനെയെന്ന് നീയോ ചോദിച്ചില്ല, കാത്തിരിക്കാൻ നീയോ ഞാനോ പറഞ്ഞില്ല… പകരം രണ്ട് വഴികൾ തിരഞ്ഞെടുത്തു. നിന്നെ എനിയ്ക്കിഷ്ടമായിരുന്നു. നിന്നോട് സംസാരിയ്ക്കാനും… പാതിരാ കുർബാന കൂടാനും, അതിനു ശേഷം മഞ്ഞുള്ള രാത്രിയിൽ നിന്റെ കൈയ്യും പിടിച്ച് അണയാത്ത തെരുവിളക്കിന്റെ വെളിച്ചത്തിൽ റോഡിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കാനും,നിന്റെ ബൈക്കിന്റെ പിന്നിലിരിക്കാനും, കോളേജിലെ ലൈബ്രറിയിലെ ആളൊഴിഞ്ഞ കോണിൽവച്ച് നിന്റെ പ്രണയത്തെ കുറിച്ചല്ലാതെ നമ്മുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാനുമൊക്കെ നിന്നെപോലെ തന്നെ എനിയ്ക്കും ഇഷ്ടമായിരുന്നു… ചിലപ്പോഴൊക്കെ നിന്നേക്കാളുപരി… എന്റെ സ്നേഹങ്ങളൊന്നും ഒരുപാട് നിലനിൽക്കാറില്ല. 

നിന്നോളം പ്രിയപ്പെട്ടതായി മറ്റൊന്നും ഉണ്ടാവില്ല എന്ന് തോന്നിത്തുടങ്ങിയിടത്ത് നിന്നാണ് നീ എനിയ്ക്കാരുമല്ലാതായത്. അല്ലെങ്കിൽ തന്നെ നിനക്ക് ഞാൻ ആരായിരുന്നു? എന്റെ നീ എന്നതിനപ്പുറം നിനക്ക് ഞാൻ ആരുമായിരുന്നില്ല. രണ്ട് ലോകത്ത് രണ്ട് സമയത്ത് രണ്ട് ആളുകൾ ഒരുമിച്ച് കുറെ സംസാരിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റെന്ത്. ഒരു പ്രണയഗാനം പോലും സ്വന്തമായില്ലാത്ത പ്രണയം. അതോ സൗഹൃദമോ? എനിയ്ക്കറിയാം ഒരു സ്നേഹബന്ധത്തിൽ സ്നേഹത്തിലുപരി മറ്റെന്ത് വന്നാലും അത് തകരുമെന്ന്, നിന്റെയും എന്റെയും ego സ്നേഹത്തിലും മുകളിലായായിരുന്നു. സ്നേഹിച്ചവരെ വെറുക്കാൻ കഴിയുന്ന കാലത്ത് നിന്നെ ഞാൻ ആത്മാർത്ഥമായി വെറുക്കും… സ്നേഹത്തിന്റെ ഒരു കണികപോലും ബാക്കിയില്ലാത്തത്ര… എന്തിനതെന്ന് എനിക്കറിയാമെന്ന് നിനക്കറിയില്ല… അറിയാത്തിടത്തോളം നീയെന്റെ ആരുമായിരിയ്ക്കില്ല… പ്രണയമായിരിക്കില്ല…

0 Comments:

Post a Comment