Adoption


എനിക്കറിയാം… ഒരിക്കൽ… എന്റെ മുപ്പതുകളിലോ ചിലപ്പോൾ നാൽപ്പത്തുകളിൽ എന്റെ വീട് ഒരു കുഞ്ഞിന്റെ മണം കൊണ്ട് നിറയുമെന്ന്. പാൽ ചുരന്നിട്ടില്ലാത്ത മാറിടം നോക്കി അവൾ കരയുമെന്ന്. മണിക്കൂറുകളോ, ദിവസങ്ങളോ വേണ്ടിവന്നാലും ചർച്ചകളും പഠനങ്ങളും വാർത്തയും സിനിമയും പാട്ടുകളും മാത്രം കേട്ടിരുന്ന അകത്തളങ്ങളിൽ പൊട്ടിച്ചിരികളും, കൊഞ്ചലും,ചിണുങ്ങലും, കരച്ചിലും ആവർത്തിക്കുമെന്ന്. അവളുടെ കുഞ്ഞിക്കൈകൾക്ക് കളിക്കാനായി മാത്രം ഞാൻ വീണ്ടും എന്റെ മുടി നീട്ടുമെന്ന്. എന്റെ എന്ന് ഞാൻ ചേർത്തുപിടിക്കുന്ന എല്ലാം അവളുടേത് കൂടിയാവുമെന്ന്. ഞാനും എന്റെ വട്ടുകളും അവളുടെ ഇഷ്ടത്തിന് മാറുമെന്ന്. അവൾക്ക് വേണ്ടി മാത്രം ഉണരുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാവുമെന്നും, ശകാരമോർത്ത് കടലാസ് കഷ്ണം പോലും തനിയെ കാറ്റിനൊപ്പം പുറത്തേക്ക് പായുന്ന വീട്ടിൽ കളിപ്പാട്ടങ്ങൾ കൊണ്ട് നിറയുമെന്നും, അവയിൽ ചവിട്ടി വേദനിക്കുന്ന കാലുകൾ തിരുമ്മി വേദന മാറ്റുമ്പോഴേക്കും അവൾക്ക്പുറകെ ഓടേണ്ടി വരുമെന്നും. എന്റെ വേദനകൾ പോലും അവളുടെ ചിരിയിൽ അലിഞ്ഞ് പോകുമെന്നും, എന്റെ ഇഷ്ടങ്ങളെല്ലാം അവളുടെയിഷ്ടങ്ങൾ ആകുന്ന ഒരു ദിനം വിദൂരമല്ലെന്നും എനിക്കറിയാം. എന്റെ എന്നാവർത്തിക്കുമ്പോഴും എന്റേത് മാത്രം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും മറ്റൊരു സ്ത്രീക്ക് ജനിച്ച കുട്ടി എന്നെ അമ്മേ എന്ന് വിളിക്കുമ്പോഴുണ്ടാകുന്ന ആ ദുരന്തത്തിന്റെ വ്യാപ്തി അറിയാമായിരുന്നിട്ടും എനിക്ക് നൽകാൻ കഴിയുന്ന സ്നേഹത്തെയോർത്ത്, എന്റെ സ്നേഹത്തിലുള്ള വിശ്വാസത്തെയോർത്ത്, നീയെനിക്ക് വേണ്ടി ജനിക്കുന്നതോർത്ത് ഞാൻ എന്നിൽ വീണ്ടും സ്നേഹം നിറയ്ക്കുന്നു…… 


#ISupportAdoption❤️

0 Comments:

Post a Comment