ദശരഥത്തിന്റെ 33 വർഷങ്ങൾ


33 വർഷങ്ങൾ… ദശരഥം. നായകന്റെ അല്ല ചില കഥാപാത്രങ്ങളുടെ ആരാധികയാണ് ഞാൻ. പലപ്പോഴും അരങ്ങ് തകർക്കുന്ന നായകനെയോ നായികയെയോ കാണാതെ പോകുന്നത് എന്റെ ഒരു കുറവായിരിക്കാം. എന്നിരുന്നാലും ഏതോ ഒരാൾ ഏതോ അവസ്ഥയിലിരുന്ന് തയ്യാറാക്കിയ കഥാപാത്രത്തെ സ്നേഹിക്കാനേ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അതിൽ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ. ആദ്യ തവണ കണ്ടപ്പോൾ “മന്ദാരചെപ്പുണ്ടോ” എന്ന പാട്ടിൽ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് കണ്ടപ്പോൾ ആനിയോട് ദേഷ്യം തോന്നി. പിന്നെയാണ് മാഗ്ഗിയെ കണ്ടത്, രാജീവ് മേനോന്റെ ചോദ്യം എത്രത്തോളം എന്നെ പിടിച്ചുലയ്ക്കാൻ കഴിയുമെന്ന് മനസ്സിലായത്. എന്നിൽ എവിടെയോ ഒരു രാജീവ് മേനോൻ ഉണ്ടെന്ന് മനസ്സിലായത്. ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത ബാല്യം ഇപ്പോഴും ആരിലോക്കെയോ തേടുകയാണ് എന്ന് മനസ്സിലായത്. രാജീവ് മേനോൻ നേരെ ചോദിച്ചത് തന്നെയാണ് പലപ്പോഴും പലരോടും ഞാൻ വളഞ്ഞവഴിയിൽ ചോദിച്ചത് എന്നുള്ളത് മനസ്സിലായത്. കരയണം എന്ന് തോന്നിയിട്ടുള്ള എത്രയെത്ര രാത്രികളിലാണ് രാജീവ് മേനോനും മാഗിയും എനിക്ക് കൂട്ടായത്. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ… വിങ്ങലോടെ അല്ലാതെ കണ്ണിൽ നനവ് പടരാതെ ഓർമ്മിക്കാൻ കഴിയാത്ത എത്രയെത്ര കഥാപാത്രങ്ങൾ. അതിൽ ഒരെണ്ണത്തിന് ഇന്ന് 33 വയസ്സ്…

0 Comments:

Post a Comment