മയിൽപീലി




എന്റെ ബാല്യത്തിന്റെ സിംഹഭാഗം ഒളിഞ്ഞിരിക്കുന്നത് മയിൽപീലി കണ്ണുകളിലാണ്.. കാണുന്നവരോട് മുഴുവൻ മയിൽപീലി ചോദിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. മയിൽപീലി കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും കിട്ടുമെന്നുറപ്പിച്ച ദിവസങ്ങളിൽ കിട്ടാതാവുന്നത് എറ്റവും വലിയ നിരാശയും ആയിരുന്നു. വീടിനടുത്തുളള ജമീല താത്ത ആയിരുന്നു എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന മനുഷ്യരിൽ ഒരാൾ. എനിക്കായി മയിൽപീലികൾ നിധിപോലെ കൊണ്ടുവന്നു തരുന്നവർ. മയിൽപീലിയോളം സ്നേഹം അവരോടുണ്ടെനിക്ക്. കാരണം എന്റെ ബാല്യത്തെ ഏറ്റവും മനോഹരമായി നിർമ്മിച്ച കൈകളിൽ ഒന്ന് അവരുടേതാണ്. കാട്ടിൽ നിന്ന് പെറുക്കിയെടുത്ത് ഭദ്രമായി അവരല്ലാതെ മറ്റാര് കൊണ്ടുവരുമായിരുന്നു പീലികൾ.എന്റെ സന്തോഷങ്ങൾക്ക് ചിറക് മുളപ്പിക്കാൻ മാത്രം മറ്റാര് പീലികൾ ശേഖരിക്കുമായിരുന്നു. മയിൽപീലി കിട്ടിയാലുടൻ അതുംകൊണ്ട് വീടിന് ചുറ്റും ഒടിനടക്കും, ആകാശം കണ്ടത് കൊണ്ട് മയിൽപീലി കുഞ്ഞുണ്ടാവില്ല എന്നത് പറയാതിരുന്നത് മാത്രമായിരുന്നു എനിക്കവരോടുണ്ടായിരുന്ന ഏക പിണക്കം. അടുത്ത തവണ വരുമ്പോൾ ആകാശം കാണാതെ ഒളിപ്പിച്ച് കൊണ്ടുവരണം എന്ന എന്റെ ആവശ്യം അവർ തലയാട്ടി ചിരിച്ചുകൊണ്ട് സമ്മതിക്കുന്നതോടെ തീരുന്ന പിണക്കം. അവർ ഓരോ തവണ വീട്ടിൽ വരുമ്പോഴും എനിക്ക് ചോദിക്കാൻ മയിൽപീലിയെ കുറിച്ചല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവരോട് മറ്റെന്തെങ്കിലും ഞാൻ ചോദിച്ചതായും എനിക്കോർമ്മയില്ല. പിന്നെയും കണ്ടു ഒരുപാട് പീലികൾ… ബസിലിരിക്കുമ്പോൾ ഏതോ ഒരു ചെക്കൻ വിൽക്കുന്ന 10 രൂപയുടെ മയിൽപീലി മുതൽ ഡൽഹിയിലെ മാർക്കറ്റുകളിൽ വിശറികളായും പലതരത്തിലുള്ള അലങ്കാര വസ്തുക്കളായും മയിൽപീലികൾ, പല വിലയിൽ പല രൂപത്തിൽ. മയിൽപ്പീലി കാണുമ്പോഴൊക്കെ കൗമാരവും, യൗവ്വനവുമൊക്കെ സഡൻ ബ്രേക്ക് ഇടും, പിന്നെ ഒരു പോക്കാണ് ബാല്യത്തിലേക്ക്… പക്ഷേ ഒരുപാട് മയിൽപീലികൾ വാങ്ങി സൂക്ഷിക്കാമായിരുന്നിട്ടും ഒരിക്കൽ പോലും ഒരെണ്ണം പോലും വാങ്ങണം എന്ന് തോന്നിയിട്ടില്ല. വാങ്ങിയാൽ തന്നെ അതിലെന്തിരിക്കുന്നു. കൂട്ടമായി കണ്ട മയിൽപ്പീലികളിലൊന്നും സ്നേഹമായും സന്തോഷമായും ഒറ്റയായി വന്നിരുന്ന മയിൽപീലികളുടെ ഭംഗിയുണ്ടായിരുന്നില്ല… ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല….

0 Comments:

Post a Comment