മഴ



പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.. കുട്ടിക്കാലത്ത് ഒരുപാടാശിച്ചതാണ് കുടയില്ലാതെ മഴയിലൂടെ നടക്കാന്‍…അന്നതിന് അനുവാദം കിട്ടിയില്ല, ഇന്നിപ്പോള്‍ അനുവാദമല്ല പ്രശ്നം, വീല്‍ചെയറിന്‍റെ ചക്രങ്ങള്‍ എനിക്ക് വേണ്ടി ചലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മഴയോടുള്ള പ്രണയത്തിനുമാത്രം മങ്ങലേറ്റിട്ടില്ല.. പിച്ചവയ്ക്കുന്ന പ്രായത്തില്‍ പടിക്കെട്ടിലൂടെ തെറിച്ച് തെറിച്ച് ചരല്‍ക്കൂട്ടത്തിലേക്ക് മഴ നനയുവാന്‍ ഓടിയിറങ്ങുമായിരുന്നുവെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു. ആരെങ്കിലും ഓടിവന്നെടുക്കുമ്പോള്‍ മുറ്റത്തേക്ക് കമിഴ്ന്ന് വീണ് ഉറക്കെ കരയുമായിരുന്നത്രെ, അങ്ങനെ വീണ വീഴ്ചയിലെപ്പോഴെങ്കിലും പുതുമണ്ണിന്‍റെ മണം എന്നെ ആകര്‍ഷിച്ചിരിക്കാം..

മുറ്റത്തോടി നടക്കറായപ്പോഴേക്കും മഴയോടുള്ള ഇഷ്ടവും കൂടി, മഴ പെയ്യുമ്പോള്‍ മുറ്റത്തേക്ക് ചാടിയിറങ്ങി പുതുമണ്ണിന്‍റെ ഗന്ധം ആവുന്നത്ര ശക്തിയില്‍ ഉള്ളിലേക്ക് വലിക്കുമായിരുന്നു അപ്പോഴേക്കും ചെമ്പരത്തിയുടെ വടിയുമായി അമ്മ ഓടി വരും. പിടിവലികള്‍ക്കൊടുവില്‍ വരാന്തയില്‍ കയറിയിരിക്കും അപ്പോഴും വെള്ളി പാദസ്വരങ്ങള്‍ക്ക് കൂട്ടായുണ്ടാകും മുറ്റത്തെ ചേറും,ചരലും…

ഓര്‍മ്മയുടെ ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍ മറക്കാനാവാത്ത ഒരു മഴക്കാലം ആദ്യമായി സ്കൂളില്‍ പോയതാണ്.. അമ്മമ്മയുടെ വിരലില്‍ തൂങ്ങി മഴവില്‍ വര്‍ണത്തിലുള്ള പോപ്പിക്കുടയും ചൂടി കല്ലുപാകിയ വഴിയിലൂടെ നടക്കുമ്പോള്‍ മഴ എന്‍റെ കളിത്തോഴിയാവുമെന്ന് വെറുതെ സ്വപ്നം കണ്ടിരുന്നു,കാരണം സ്കൂളില്‍ ആരും മഴ നനയുന്നത് തടയില്ല എന്ന വിശ്വാസം എപ്പോഴോ എന്നില്‍ മുളച്ചിരുന്നു.. പോപ്പിക്കുടയുടെ അറ്റത്ത് ചുവപ്പിലും മഞ്ഞയിലും തൂങ്ങിയാടിയ പളുങ്കുമണിയെ പതിയെ തൊട്ടുനോക്കിയപ്പോഴേക്കും അത് വിരലിലൂടെ ഒലിച്ചിറങ്ങി ശരീരത്ത് പറ്റിച്ചേര്‍ന്ന വെറും വെള്ളം മാത്രമായിത്തീര്‍ന്നിരുന്നു..

ടാറിട്ട നാട്ടുവഴിയിലൂടെയുള്ള നടപ്പിലുടനീളം എന്‍റെ മനസിലും ആകാശത്തും മഴ മാത്രമായിരുന്നു. സ്കൂളില്‍ ആദ്യമായി ചെന്നതിന്‍റെ പരിഭ്രമമോ സങ്കടമോ ഒന്നും തന്നെയുണ്ടായില്ല എന്നുമാത്രമല്ല മഴ നനയാം,മഴയില്‍ കളിക്കാം എന്നതിലുള്ള സന്തോഷം മാത്രമേ മനസിലുണ്ടായിരുന്നൊള്ളു.മഴ കാണുമ്പോഴുള്ള എന്‍റെ സ്വഭാവം അറിയുന്നതുകൊണ്ടോ എന്തോ അമ്മമ്മ നേരത്തെ ടീച്ചറെ ചട്ടം കെട്ടിയിരുന്നു മഴ തുടങ്ങിയാല്‍ ക്ലാസ്സ് മുറിക്ക് പുറത്തിറക്കരുതെന്ന്..മറ്റുകുട്ടികളൊക്കെ വരാന്തയില്‍ നിന്ന് കൈയ്യെത്തിച്ച് മഴയില്‍ കളിക്കുകയും, തൊണിയൊഴുക്കുകയും, പരസ്പരം വെള്ളം തെറിപ്പിക്കുകയുമൊക്കെ ചെയ്യുബോള്‍ ഇതിനൊന്നും ഭാഗ്യമോ അനുവാദമോ ലഭിക്കാതെ ടീച്ചറുടെ മടിയിലിരുന്ന എന്‍റെ കണ്ണില്‍ നിന്ന് മഴവെള്ളത്തേക്കാള്‍ വേഗത്തില്‍ കണ്ണീര്‍ വരുമായിരുന്നു..

പിന്നെയൊരു മഴക്കാലത്ത് വീട്ടിലെത്തിയത് കാല്‍മുട്ടില്‍ ചോരയൊലിപ്പിച്ചാണ്.മഴ നൃത്തംവച്ചുപോയ ചെളിമണ്ണില്‍ ഓടിക്കളിച്ചപ്പോള്‍ കിട്ടിയ മഴ സമ്മാനം,അതായിരുന്നു ആ മുറിവ്..ഇന്നുമതോര്‍ക്കുബോള്‍ നേരിയ ഒരു വേദന കാല്‍മുട്ടിലേക്ക് ഓടിയെത്താറുണ്ട്..

ആദ്യമായി പ്രണയലേഖനം കിട്ടിയതും ഒരു മഴക്കാലത്തായിരുന്നു.. കൌമാരക്കാരുടെ പൊട്ടിച്ചിരികളും, ശീലക്കുടയില്‍ വീഴുന്ന മഴത്തുള്ളികളും ഒരുപോലെ ചിന്നിത്തെറിച്ച് നിന്ന ഒരു ഇടവപ്പാതിയില്‍ തനിക്കെറെ പ്രിയപ്പെട്ട വാകമരച്ചുവട്ടില്‍ നിന്നോടിയെത്തിയ ഒരു പ്രണയലേഖനം.മഴത്തുള്ളികള്‍ വീണ് മഷി പടര്‍ന്നതെങ്കിലും കൂട്ടുകാരികള്‍ക്കൊപ്പമിരുന്ന് കത്ത് വായിച്ച് വയര്‍ വേദനിക്കുന്നതുവരെ ചിരിച്ചതുമെല്ലാം ഇന്നോര്‍ക്കുബോള്‍ മിഴികളെ ഈറനണിയിക്കാറുണ്ട്.. അന്നത്തെ പ്രണയലേഖനം കൌമാരക്കാരിയുടെ പൊട്ടിച്ചിരിയില്‍ തകര്‍ന്നുപോയി..

കലാലയജീവിതാരംഭത്തില്‍ പനിനീര്‍പുഷ്പങ്ങളുടെ ഒരു കൂട്ടവുമായി ബെല്‍ബോട്ടം പാന്‍റും പുള്ളികള്‍ നിറഞ്ഞ ഷര്‍ട്ടും ധരിച്ച ഒരു പരിഷ്കാരി സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള രീതിയില്‍ മുട്ടുകുത്തി നിന്ന് വില്‍ യു മാരി മി?? എന്ന് ചോദിച്ചപ്പോഴേക്കും ഓടിയെത്തി മഴച്ചങ്ങാതി.മഴ നനഞ്ഞ പരിഷ്കാരിയെ വെള്ളത്തില്‍ വീണ കോഴിയെപ്പോലാണ് ആ നിമിഷം തോന്നിയത്..

പിന്നീടുള്ള മഴകള്‍ക്കെല്ലാം പ്രണയത്തിന്‍റേയും,വിരഹത്തിന്‍റേയും മധുരവും കയ്പുമായിരുന്നു.

എന്‍റെ ഓര്‍മ്മയിലെ അടുത്ത മഴ കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ അപൂര്‍വ മഴയാണ്, കാരണം മഴ വിളിക്കാതെ ഓടിവന്നത് എന്‍റെ വിവാഹ ദിവസമാണ്.. നാളികേരം ചിരവുബോള്‍ ഓടിച്ചെന്ന് കൈയ്യില്‍ കിട്ടുന്നത്ര വാരിയെടുത്തോടുമായിരുന്നു, അന്നേ അമ്മമ്മ പറയുമായിരുന്നു നിന്‍റെ കല്യാണത്തിന് നീയും ചെക്കനും മഴ നനയുമെന്ന് പ്രവചനം തെറ്റിയില്ല,പക്ഷെ പ്രവചിച്ച ആള്‍ക്ക് അതു കാണുവാനുള്ള ഭാഗ്യമുണ്ടായില്ല.. അന്നത്തെ നനഞ്ഞ കോഴി തന്നെയാണ് അഗ്നിസാക്ഷിയായി എന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയത്.. ആത്മാക്കളുടെ സന്തോഷമാണ് മഴ എന്ന് കേട്ടിട്ടുണ്ട്.. അങ്ങനെയെങ്കില്‍ ആ മഴ എന്‍റെ അമ്മമ്മയുടെ സന്തോഷമാണ്.

എന്‍റെ സന്തോഷങ്ങളുടെ ചങ്ങാതിയായിരുന്നു മഴ ചിലപ്പോഴൊക്കെ സങ്കടത്തിന്‍റേയും…

പ്രസവമുറിയിലെ അടക്കിപ്പിടിച്ച കരച്ചിലുകള്‍ക്കും, ചിലപ്പോഴൊക്കെയുള്ള അലറിക്കരച്ചിലിനും, കുഞ്ഞുങ്ങളുടെ ആദ്യകരച്ചിലിനുമിടയിലായിരുന്നു എന്‍റെ അടുത്ത മഴക്കാലം..അന്നാദ്യമായി നേഴ്സുമാരെ മാലാഖമാരായും ഡോക്ടേഴ്സിനെ ദൈവമായും എനിക്ക് തോന്നി..പുറത്ത് മഴ പെയ്യുന്നുണ്ടെന്നറിയാമെങ്കിലും ഒന്നും കാണാന്‍ വയ്യാത്തവസ്ഥ,ഇടക്ക് മെഡിക്കല്‍ ബൊക്സില്‍ നിന്ന് എന്തൊക്കെയോ എടുക്കുന്ന ശബ്ദങ്ങള്‍,മരണവീടിനെ ഓര്‍മ്മിപ്പിക്കുന്ന കരച്ചിലുകള്‍,എന്തിനു ഇങ്ങനെ കരയുന്നു എന്നു തൊന്നി എനിക്ക് വേദന വരുന്നത് വരെ…അപ്പോഴേക്കും മഴയ്ക്ക് ശക്തികൂടിയിരുന്നു. വേദനയിലും ഇടിയും മിന്നാലുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു, വലിയൊരു ഇടിമുഴക്കത്തിൽ അലിഞ്ഞു ചേർന്ന എന്റെ നിലവിളിക്കൊടുവിൽ അവൾ ,എന്റെ മകൾ ഇറുക്കി അടച്ച കണ്ണുകളോടെ ഉറക്കെ കരഞ്ഞുകൊണ്ട് അവളുടെ പിറവിയറിയിച്ചു.

ആസ്പത്രികിടക്ക വിട്ടാലുടനുള്ള കാര്യപരിപാടി പേരുകണ്ടെത്തലാണല്ലോ, പെണ്കുട്ടിക്കിടാനുള്ള പേരുകളുടെ ലിസ്റ്റുമായി, കുട്ടിയുടെ അച്ഛൻ മുതൽ അയൽവക്കത്തെ ചേച്ചി വരെ റെഡിയായി നിൽക്കുമ്പോഴാണ്, വെള്ളിടിവെട്ടിയപോലുള്ള എന്റെ പ്രഖ്യാപനം, കുഞ്ഞിന് പേര് ഞാൻ കണ്ടെത്തി, പേരുകേൾക്കാൻ വന്നവർക്ക് നിരാശയും ആശങ്കയും ഒരുമിച്ച് വന്നിരിക്കണം, ഇങ്ങനത്തെ പേരൊക്കെ കുട്ട്യോൾക്കിടുവോ എന്ന ഒറ്റചോദ്യത്തിൽ എന്റെ സംശയം ശരിയാണെന്ന് ഉറപ്പിച്ചു. എന്റെ മകൾ മഴ. വർഷങ്ങൾ പലത് കഴിഞ്ഞു, സന്തോഷങ്ങളും സങ്കടങ്ങളും, മാറി മാറി വന്നു, കാലം തെറ്റാതെ എന്റെ ജീവിതത്തിലേക്ക് മഴ മാത്രം വന്നും പോയുമിരുന്നു.

അങ്ങനൊരു മഴക്കാലാരംഭത്തിലാണ്, എന്റെ മഴ ആദ്യമായി സ്‌കൂളിൽ പോയത്. മുറ്റത്തേക്കിറങ്ങാൻ കുട നിവർത്തിയ മകളെ ആശ്ചര്യത്തോടെയല്ലാതെ നോക്കി നിൽക്കാനായില്ല. വളരെ ശ്രദ്ധയോടെ മഴതുള്ളിപോലും തന്നെ സ്പർശികരുത് എന്നു വാശിപിടിക്കുന്ന മകൾക്ക് മുന്നിലൂടെ യാന്ത്രികമായി ഞാൻ മഴ നനഞ്ഞ് കാറിൽ ഇരുന്നു. സൈഡ് ഗ്ലാസ് താഴ്ത്തി വച്ചപ്പോൾ അമ്മ, മഴ ഉള്ളിലേക്ക് വരുന്നു എന്ന് ചിണുങ്ങിക്കൊണ്ട് പറഞ്ഞ ആ അഞ്ച് വയസുകാരിയുടെ ഇഷ്ടത്തിനൊപ്പം നിൽക്കാനേ ഏതൊരമ്മേയെയും പോലെ എനിക്കും കഴിഞൊള്ളു. സ്‌കൂൾ എത്തിയതും റെയിൻകോട്ടുമിട്ട് കാറിനുവെളിയിലേക്കിറങ്ങിയ മകൾ എനിക്ക് പറയാതെ പറഞ്ഞു തന്നു എന്റെ പേരിൽ മാത്രമേ മഴ ഉള്ളു, അമ്മയെപോലല്ല ഞാൻ എന്നു. എന്റെ മകളുടെ കൗമാരത്തിൽ മഴയും ഞാനും തമ്മിൽ മഴക്കാലം വേനലിലും ആഘോഷിച്ചു തുടങ്ങി, കാർമേഘം,ഇടി, മിന്നൽ, മഴ…

വർഷങ്ങൾ ഒരു തുലാപെയ്തുപോലെ പെയ്തു തീർന്നു,അന്നത്തെ അഞ്ചു വയസുകാരിയുടെ വിവാഹം. അന്ന് എന്റെ വിരലിൽ തൂങ്ങി സ്‌കൂളിന്റെ പടികയറിയവൾ, ഞങ്ങളുടെ സ്വർഗ്ഗത്തിന്റെ പടിയിറങ്ങിയത് ഏറ്റവും സുരക്ഷിതമായ കൈപിടിച്ചാണ്.

ആഘോഷങ്ങൾക്കൊടുവിൽ ഞാനും,എന്റെ നല്ലപാതിയും ഒറ്റക്കായി. ഓഫീസിലെ ഫയലുകളോട് വിരസത തോന്നിയിട്ടൊ,എന്റെ ഏകാന്തത കണ്ടിട്ടോ നല്ലപാതി ഒരു ലോങ് ലീവിന് അപേക്ഷ നൽകി പുസ്തകങ്ങളും, പാട്ടുകളും,കുറച് എഴുത്തും വട്ടുമുള്ള എന്റെ ലോകത്തേക്ക് ഇടിച്ചുകയറി വന്ന് വീണ്ടും ചേർത്തുനിർത്തിയപ്പോൾ നഷ്ടപ്പെട്ടു എന്നു വിചാരിച്ചതൊക്കെ തിരിച്ചുകിട്ടിയ പോലൊരു തോന്നൽ, സ്വന്തം ആത്മാവിനെ, ഇഷ്ടങ്ങളെ, അങ്ങനെ എല്ലാം. ഉടനടി പ്ലാൻ ചെയ്തു ഒരു ട്രിപ്,ഭൂതകാലത്തേക്ക് ഒരു യാത്ര. എന്റെ എല്ലാ സന്തോഷത്തിലും കൂടെയുണ്ടായിരുന്ന മഴ അന്നും പെയ്തു. തറവാട്, സ്‌കൂൾ,കോളേജ്, അങ്ങനെ എനിക്കിഷ്ടമുള്ളതും, പ്രിയപ്പെട്ടതുമായ എല്ലാം കണ്കുളിർക്കെ കണ്ടു, ആസ്വദിച്ചു, 50 കാരിയെ,20 കാരിയാക്കി, മമ്മദിക്കയുടെ മോന്റെ കടയിൽ നിന്ന് നല്ല ചൂട് ചായ കുടിക്കാനാരംഭിച്ചതും ഒരു ചെറുതലോടലായി മഴ എത്തി, ഗ്ലാസ് താഴ്ത്തി വച്ച്, എനിക്കേറെ പ്രിയപ്പെട്ട ഒരു നറുപുഷ്പമായി എന്ന ഗാനം പ്ലേ ചെയ്ത് തന്നപ്പോഴൊക്കെ ആ കണ്ണുകളിൽ കണ്ടത് അന്നത്തെ ആ നനഞ്ഞ കോഴിയെ തന്നെയാണ്. പാട്ട് കേട്ട് മയങ്ങി തുടങ്ങിയ ഞാൻ കണ്ണുതുറന്നത് 3 ആഴ്ചകൾക്ക് ശേഷമാണെന്ന്, ഡോക്ടർ പറയുമ്പോഴാണ് അറിഞ്ഞത്. അവസാനമായി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞവരോട് ഞാൻ ചിരിച്ചുകൊണ്ട്പറഞ്ഞിരുന്നു,അതുകൊണ്ട് ഇപ്പോഴും, എവിടെയോ, എന്നെ പറ്റിക്കാൻ വേണ്ടി ഒളിച്ചിരിക്കുകയാണെന്ന് കരുതാല്ലോ എന്ന്.

വീൽ ചെയറിലിരുന്നു മഴയും വേനലും ജനൽപാളികളിലൂടെ മാത്രം കണ്ടുതുടങ്ങിയപ്പോൾ മാത്രമാണ്, മനസിലായത് പ്രായം കൂടുതോറും കുട്ടിയെപോലാവും എന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണെന്ന്. നിറങ്ങൾ നിറഞ്ഞു നിൽക്കുന്ന വസന്തത്തെക്കാൾ, എനിക്കെന്നും പ്രിയം മഴയോടായിരുന്നു, അതിനാലാവണം, അന്ന് ജീവിതത്തിലെ നിറങ്ങളെല്ലാം തട്ടിയെടുത്ത് വസന്തം ഓടിമറഞ്ഞതും,മഴ കൂടെ നിന്നതും. ഇന്ന് മഴക്കും, വസന്തത്തിനും എന്നോട് സ്നേഹം ഒരുപോലെ, ഓരോ തുള്ളിയും മണ്ണിലൂടെ ഊർന്നിറങ്ങി മണ്ണിൽ ലയിച്ച എന്റെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നു. വർണങ്ങൾ വാരി വിതറുന്ന ഓരോ ചെടിയുടെയും വേരാണ്ടിറങ്ങിയിരിക്കുന്നത് എന്നിലേക്കാണ്… മഞ്ഞും മഴയും വസന്തവുമായി ഇനിയൊരു ജന്മത്തിനായി മണ്ണോടലിഞ്ഞു ഞാനും….

0 Comments:

Post a Comment